Site icon Fourteen Kerala – 14 Kerala News

ക്ഷേത്രത്തില്‍ മോഷ്ടിക്കാനെത്തി, സിസിടിവി കണ്ടതോടെ ഭക്തനായി, കുളിച്ച് തൊഴുത് മടക്കം

തിരുവനന്തപുരം: ക്ഷേത്രത്തില്‍ മോഷണത്തിനെത്തിയ കള്ളന്‍ സിസിടിവി കണ്ടതോടെ ഭക്തനായി മാറി, ക്ഷേത്രക്കിണറ്റില്‍ നിന്ന് വെള്ളം കോരി കുളിച്ച് തൊഴുത് മോഷണം ശ്രമം ഉപേക്ഷിച്ചു.പാറശ്ശാലയിലെ അയിര ചൂണ്ടിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ് രസകരമായ സംഭവം നടന്നിരിക്കുന്നത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ ചാടിക്കയറിയ മോഷ്ടാവ് ശ്രീകോവിലിന്റെ പൂട്ട് തകര്‍ക്കുകയും ക്ഷേത്ര കമ്മിറ്റി ഓഫീസിനുള്ളില്‍ കയറി സാധനങ്ങള്‍ വലിച്ചിടുകയും ചെയ്തിട്ടുണ്ട്.

തൊട്ടുപിന്നാലെയാണ് ക്ഷേത്രത്തില്‍ സ്ഥാപിച്ച സിസിടിവി ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ മോഷണം മറന്ന് ഇയാള്‍ ഭക്തനായി.
ഉടന്‍തന്നെ ക്ഷേത്ര കോമ്പൗണ്ടിനുള്ളിലുള്ള കിണറ്റില്‍ നിന്ന് വെള്ളം കോരി കുടിക്കുകയും കുളിക്കുകയും ചെയ്തു. അതിനുശേഷം ക്ഷേത്രത്തില്‍ തൊഴുത് മടങ്ങി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.
ഇതേ യുവാവ് രാത്രി ഒരു മണിക്ക് കഴക്കൂട്ടം കാരോട് ബൈപ്പാസ് റോഡില്‍ നടന്നു പോകുന്നത് നാട്ടുകാരില്‍ ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ക്ഷേത്ര ഭാരവാഹികള്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊഴിയൂര്‍ പോലീസിന് പരാതി നല്‍കി. അന്വേഷണം പുരോഗമിക്കുന്നു.

Exit mobile version